Showing posts with label ഭ്രാന്ത്. Show all posts
Showing posts with label ഭ്രാന്ത്. Show all posts

Wednesday, August 3, 2011

നിറമുള്ള കവിതകള്‍

സ്വപ്നങ്ങളിലെ കവിതകള്‍ക്ക് നിറമുണ്ടായിരുന്നു
പ്രണയത്തിന്റെ, കാമുകന്റെ, അനുഭൂതികളുടെ നിറം
ഓരോ കവിതകളും ഓരോ നിറങ്ങളായി
എനിക്കു ചുറ്റും ഒരു വര്‍ണ്ണ ലോകം തീര്‍ത്തു
ഞാനെന്റെ പ്രണയമറിഞ്ഞത് അവിടെയാണ്
എന്റെ കാമുകനേയും, അവന്റെ പ്രണയത്തേയും

ചില നേരങ്ങളില്‍ മഴവില്ലിന്റെ നിറമായിരുന്നു
ചിലപ്പോള്‍ ചിരിക്കുന്ന പൂക്കളേപ്പോലെ
ഒടുവിലൊരുനാള്‍ കവിതകളുടെ നിറങ്ങള്‍
മങ്ങുന്നതും ഞാനറിയാന്‍ തുടങ്ങി
നിരാശയുടെ വിരഹത്തിന്റെ നഷ്ടപ്പെടലുകളുടെ
പകുതി മാഞ്ഞ നരച്ച കറുപ്പു നിറം

എന്നിലെ പ്രണയം മരിക്കുകയാണെന്നറിയുന്നു
ഇനിയൊരു പുനര്‍ജ്ജനിയില്ലാത്ത വിധം
എങ്കിലുമിന്നും എന്നിലെ കവിതകള്‍ക്കു ഞാന്‍
ജീവനേകുന്നു, നേര്‍ത്തൊരാശയോടെ
ഇനിയും ജനിച്ചിട്ടില്ലാത്ത പ്രണയത്തിനു
മരിക്കുവാനുമാവില്ല എന്ന തോന്നലില്‍