Sunday, September 28, 2008

പ്രണയിനി

ഇന്നെന്റെ കരളിന്റെ കരളായ് വന്ന പുതുമാരാ

ആ മാറിന്‍ ചൂടേല്‍ക്കാന്‍ കാത്തിരുന്നൊരു പെണ്ണാണു

കാതോരം മൊഴികേള്‍ക്കാന്‍ കാത്തു നിക്കണ നേരത്ത്

നീയെന്തേ വന്നില്ലാ മുത്തമൊന്നു തന്നീല്ലാ

എന്റെ മനസില്‍ നീയാണു നിന്‍ ചിരി തെളിയും മുഖമാ‍ണു

കണ്ണു നിറച്ചും നീയാണു ഇന്നെന്‍ സ്വപ്നവും നീയാണു

എന്റെ പ്രണയത്തിന്‍ വരമാണു എന്റെ സ്നേഹത്തിന്‍ ഫലമാണു

എന്റെ പ്രാണന്റെ പ്രാണനായ് എന്നുമെന്റേതാകുന്നു

കരയുന്നോരെന്‍ മിഴിയിണകള്‍ നിന്നെ മാത്രം തിരയുന്നു

മാ‍റോടെന്നും ചേര്‍ത്തെന്നെ കാത്തു വക്കും എന്‍ മാരാ

എന്റെ ജീവനും നീയാ‍ണു എന്റെ ജീവിതം നിനക്കാണു

എന്നോര്‍മ്മയില്‍ നീയാണു എന്നും നിന്റേതാണു

Saturday, September 27, 2008

ഏകാന്തത


മരണമാണു ഇതിലും ഭേദം, ഒരു മുറിയില്‍ ഒറ്റക്കിങ്ങനെ, വല്ലപ്പോഴും വരുന്ന അതിഥികള്‍ മാത്രം. എനിക്കറിയാം വരുന്നവര്‍ എല്ലാവരും തന്നെ എന്റെ മരണമാണു പ്രതീക്ഷിക്കുന്നതു എന്നു. ഇനിയെത്ര നാള്‍ അതാണെല്ലാവരുടെയും കണ്ണുകളില്‍. അതെനിക്കു വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. ചിലരെങ്കിലും പ്രതീക്ഷിക്കുന്നു ഒരു നാള്‍ അതെ ഒരു നാള്‍ ഞാന്‍ ഈ മുറിയില്‍ നിന്നും പുറത്തിറങ്ങും എന്നു. എന്റെ മരണം പ്രതീക്ഷിച്ചു സഹതാപത്തിന്റെ കണ്ണുകളുമായി എന്നെ നോക്കിയിരുന്നവരുടെ മുഖത്തേക്ക് മരണത്തെ ജയിച്ച മാലാഖയേപ്പോലെ ഞാന്‍ നോക്കിയേക്കാം എന്നു. എന്റെ ബോധമനസും അതാഗ്രഹിക്കുന്നു എങ്കിലും എനിക്കറിയാം അസാധ്യമാണു അതു എന്ന്.


എണ്ണപ്പെട്ടു കഴിഞ്ഞ എന്റെ നാളുകള്‍, എത്ര ഉണ്ടാവും. അറിയില്ല. അറിയണം എന്നുമില്ല. ഓരോ ജീവനും വളരുന്നതിനൊപ്പം മരിച്ചു കൊണ്ടിരിക്കുകയാണല്ലോ. അതില്‍ എന്റെ സമയം ഞാന്‍ കുറച്ചു നേരത്തെ അറിഞ്ഞു എന്നു മാത്രം. ജീവിച്ചു കൊത് തീര്‍ന്നിട്ടില്ല എനിക്കു. എങ്കിലും ഈ ജീവിതത്തേക്കാള്‍ മരണം തന്നെയാണു നല്ലത്.



ചിലപ്പോള്‍ ദൈവങ്ങള്‍ എനിക്കു കുറച്ചു കാലം കൂടി നീട്ടി തന്നാല്‍, പഴയതു പോലെ തന്നെ എനിക്കു പുറത്തിറങ്ങി നടക്കാനായാല്‍, ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ദൈവങ്ങള്‍ ചിലപ്പോള്‍ എന്റെ പ്രാര്‍ത്ഥന കേട്ടേക്കാം അല്ലേ

Wednesday, September 24, 2008

ദേവി

അറിഞ്ഞോ ദേവിയുടെ കല്യാ‍ണം ആണു. അമ്മുക്കുട്ടിയുടെ വിളിച്ചു പറച്ചില്‍ കേട്ടാണു പതിവുള്ള മയക്കത്തില്‍ നിന്നും ഉണര്‍ന്നത്.

ആരുമായിട്ടാണു ?

വേറാരുമായിട്ട് നാഥനുമായിട്ടു തന്നെ.

അപ്പോള്‍ കണ്ണനോ ?

കണ്ണന്‍ മീരയുടെ അല്ലേ,

എന്താണു സംഭവിക്കുന്നതു, എനിക്കൊന്നും മനസിലാവുന്നില്ല, കണ്ണനാണോ മീരയാണോ അതോ ദേവിയും നാഥനുമാണോ ജയിക്കുന്നതു.

എന്താ മായേച്ചീ ആലോചിക്കുന്നതു

വെറുതെ ഞാന്‍ അവരുടെ കാര്യം ആലോചിക്കുകയായിരുന്നു.

അതെ കണ്ണന്‍, മീര, ദേവി, നാഥന്‍

ഞങ്ങളുടെ കൊച്ചു നാട്ടിലെ പ്രണയ നായകരും നായികമാരുമാണവര്‍

കണ്ണന്‍, സ്കൂളില്‍ വച്ചു തന്നെ കലാ കായിക രംഗത്തു മികവു തെളിയിച്ച നാടിന്റെ അഭിമാനതാരം. മികച്ച ഗായകന്‍, കവി, അഭിനേതാവ്, നര്‍ത്തകന്‍, കമലഹാസനെപ്പറ്റി പറയും പോലെ സകലകലാവല്ലഭന്‍. സര്‍വ്വോപരി പെണ്‍കുട്ടികളുടെ ആരാധനാപാത്രം. കണ്ണന്റെ തൊട്ടടുത്ത വീട്ടിലാണു ദേവിയുടെ താമസം. കണ്ണന്റെ കളിക്കൂട്ടുകാരി. കുഞ്ഞുന്നാളു മുതല്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍. ദേവിയും ഒരു താരം തന്നെയാണു നാട്ടില്‍. കാരണം കണ്ണന്റെ കൂടെയല്ലെ വളര്‍ന്നതു. നല്ലൊരു നര്‍ത്തകിയാണവള്‍. പതിനാറാം വയസില്‍ കണ്ണന്‍ രചിച്ചു സംവിധാനം ചെയ്ത നാടകത്തില്‍ നായികയായി അഭിനയിച്ചതവള്‍ ആയിരുന്നു. അതില്‍ എന്തല്‍ഭുതം എന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നതു. ആ നാടകം വെറുമൊരു യൂത്ത് ഫെസ്റ്റിവല്‍ നാടകം മാത്രമായിരുന്നില്ല. കുറേ ഉത്സവപറമ്പുകളില്‍ നാട്ടുകാര്‍ ആ നാടകം ഉറക്കമൊഴിച്ചിരുന്നു കണ്ടു. സ്വാഭാവികമായും എല്ലാവരും കരുതി എന്നല്ല ആഗ്രഹിച്ചു എന്നു പറയുന്നതാവും ശരി കണ്ണനും ദേവിയും വൃന്ദാവനത്തിലെ രാധാ കൃഷ്ണന്മാരെപ്പോലെയാണെന്നു. പക്ഷേ ദൈവം തീരുമാനിച്ചിരുന്നതു അങ്ങനെ അല്ലല്ലോ. അവന്‍ വന്നു അതിനിടയില്‍. അതേപറ്റി,
.............. തുടരും ..............

മായാവിനോദം

വരുന്നുണ്ട് നാശം പിടിച്ചവള്‍ എങ്ങനെ പറയാതിരിക്കും നടപ്പും ഭാവവും കണ്ടാല്‍ പഞ്ചപാവം ആണെന്നേ തോന്നൂ. പാവം പിടിച്ച എന്നെ ഇങ്ങനെ ഇട്ടു കഷ്ടപ്പെടുത്തുന്നതില്‍ ഒരു സങ്കടവും ഇല്ല ആ താടകയ്ക്കു. സൂചീം പിടിച്ചോണ്ട് വരുന്നതു കാണുമ്പോളേ പേടിയാവും. നോവുന്നു എന്നു പറഞ്ഞാല്‍ ഉടനെ ചോദിക്കും “യ്യോ എന്നു വച്ചാല്‍ ഇള്ളാക്കുഞ്ഞല്ലേ” എന്താണാവൊ ഈ ഇള്ളാക്കുഞ്ഞെന്നു വച്ചാല്‍. താടകയ്ക്കു പക്ഷെ ഡോക്ടറേ കാണുമ്പോള്‍ ഈ സ്വഭാവം ഒന്നുമല്ല. അമ്മുക്കുട്ടി പറയുന്നതു അവരു തമ്മില്‍ ലൈനാണെന്നാ. ആരിക്കും ചക്കിക്കൊത്ത ചങ്കരന്‍ തന്നെ. ഹി ഹി നല്ല രസമാരിക്കും അവരു തമ്മില്‍ ലൈനടിച്ചാല്‍. ഒരാ‍ളെപ്പോളും കുറെ കയ്പ്പന്‍ ഗുളികയുമായിട്ടും ഒരാളു സൂചീമായും. താടകെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ഞാന്‍ പറഞ്ഞതാ ആ ചെകുത്താനോട് ആ സൂചിക്കാത്തെ മരുന്നിങ്ങു കയ്യിലോഴിച്ചു തന്നാല്‍ മതി ഞാന്‍ കുടിച്ചോളാം എന്നു. അപ്പോള്‍ അയാളു പറയുവാ അതൊന്നും പറ്റില്ല എന്നു. ദുഷ്ടന്‍ നോക്കിക്കോ അയാളെ ഒരു ദിവസം പത്തു സൂചി വച്ചു കുത്തും ഞാന്‍.
അയ്യോ ആ താടക പിന്നേം വരുന്നു