Wednesday, June 2, 2010

വ്യഥ

ഒരു കല്‍ വിളക്കിലെരിയുന്ന തിരിയായ്
ജന്മമൊരു പാടു നീറി കരിഞ്ഞെങ്കിലും
നീറുന്ന കരളില്‍, പിടക്കുന്ന നെഞ്ചില്‍
കരയാതെ കണ്ണീരിലൊഴുകുന്ന മൌനത്തില്‍
കവിളിലെ ചാലിലെ കണ്ണീരുപ്പില്‍
വിറയാര്‍ന്ന ചൊടിയിലെ വിതുമ്പലില്‍
അന്നു പറയാതെ വച്ച മോഹങ്ങളില്‍
എന്റെ കനവിലെ കാണാത്ത സ്വപ്നങ്ങളും
കണ്ടു കൊതി തീരാത്തൊരീ വര്‍ണ്ണങ്ങളും
കാതിനിമ്പമായ് മാറുന്ന നാദങ്ങളും
എന്നുമൊരു കാതമകലെയാണെന്നില്‍
മനമഴലിന്റെ താഴ്വരയിലലയുന്നു വീണ്ടും
കാണാതെ പോകുമോ ആ സ്വര്‍ഗ ഭംഗികള്‍
എല്ലാം കനവായ് ശേഷിക്കുമോ വീണ്ടും
എല്ലാം കനവായ് ശേഷിക്കുമോ വീണ്ടും