Friday, May 21, 2010

രക്ഷ

മഴ പെയ്തു തോര്‍ന്നൊരെന്‍ മുറ്റത്തു
ഞാനിന്നു കളിവള്ളമുണ്ടാക്കി നോക്കിരുന്നു
കൊച്ചൊരരുവി പോലൊഴുകുന്ന ജലവീഥിയില്‍
എന്റെ കളിവഞ്ചി ഒരു വന്‍ നൌകയായി
ഓളങ്ങളില്‍ ചാഞ്ചാടിയും തീരങ്ങള്‍ താണ്ടിയും
തടയേതുമില്ലാതെ തുടരുന്ന യാത്രയില്‍
കാണാമെന്‍ തോണി തന്‍ മുന്നിലായ്
ചുഴിയില്‍ പെട്ടുഴലുന്നൊരു കുഞ്ഞുറുമ്പിനെ
കൈകാലടിക്കുന്നു ശ്വാസം പിടയുന്നു
കച്ചിത്തുരുമ്പിനായ് ചുറ്റുമുഴറുന്നു
ദൂരെ വരുന്നൊരെന്‍ കളിവഞ്ചി കാണവേ
കുഞ്ഞു കണ്ണിലൊരു പ്രത്യാശ വിടരുന്നു
അതിലേറി കരേറാമെന്ന ചിന്തയില്‍
പ്രാണി തന്‍ മനമാകെ കുളിരവേ
ഇടയിലൊരു ചുഴിയിലകപ്പെട്ടു തിരിയുന്ന
വഞ്ചിതന്‍ യാത്ര നിശ്ചലമാകുന്നു
വെള്ളത്തിലലിയുന്ന കടലാസു കഷ്ണങ്ങള്‍
വഞ്ചിയൊരു നേര്‍ത്തൊരോര്‍മ്മയായ് തീരവെ
കൈകാല്‍ കുഴയുന്നു മേനി തളരുന്നു
ആഴങ്ങളിലേക്കു മുങ്ങിത്താഴുന്നു
ആരൊരാളാ ജീവനു ശാന്തിയേകുവാന്‍
ആരൊരാളൊരു കൈതാങ്ങു നല്‍കീടുവാന്‍

Wednesday, May 19, 2010

രോദനം

എന്റെ കൈ വിരലുകള്‍ തീപിടിക്കുന്നു
എന്റെ മനമിന്നൊരു നെരിപ്പോടാവുന്നു
അഴലിന്റെ തേങ്ങലുകളെന്നിലലിയുന്നു
അകലുന്നു സാന്ത്വനമകലെ മായുന്നു

ജീവന്റെ തായ്‌വേരറുത്ത് മാറ്റുവാന്‍
വേഷങ്ങളെന്നെ പിന്തുടര്‍ന്നെത്തും
പ്രാണന്‍ പിടയ്ക്കുന്ന രോദനം കേള്‍ക്കാന്‍
കൊതിപൂണ്ടു നില്‍ക്കുന്നു നിഴല്‍ക്കൂട്ടമിവിടെ

കണ്ഠനാളത്തിലെന്‍ ജീവന്‍ കുതറുമ്പോള്‍
ഇറ്റു ശ്വാസത്തിനെന്‍ മേനി പിടയുമ്പോള്‍
ചുറ്റുമൊരു കൂട്ടമെന്‍ കണ്ണില്‍ പതിയുന്നു
ജാലവിദ്യയ്ക്കു കാഴ്ചക്കാരെന്ന പോല്‍

എങ്കിലുമെന്നമ്മതന്‍ മടിയില്‍ കിടക്കവേ
മാതൃസ്നേഹത്തിന്റെ ആര്‍ദ്രതയറിയവേ
കരയാതെ കരയുമെന്നച്ഛനെ കാണവേ
പൊട്ടിക്കരയുമെന്നേട്ടനെ അറിയവേ

സ്നേഹിപ്പു ഞാനീ ജീവിതം വീണ്ടുമൊരു
സ്നേഹാര്‍ദ്ര ജീവിതം പങ്കിട്ടു നല്‍കുവാന്‍
ആവില്ലെനിക്കീ ഭൂമി വിട്ടകലുവാന്‍
ആവില്ലെനിക്കീ പ്രാണനുപേക്ഷിപ്പാന്‍

Saturday, May 8, 2010

പെണ്‍കുഞ്ഞ്

വഴിയരികിലൊരു പെണ്‍കുഞ്ഞു കരയുന്നു
കാണാത്തൊരമ്മിഞ്ഞ തേടുന്നു കണ്ണുകള്‍
കേള്‍ക്കാത്ത താരാട്ടു കാതോര്‍ക്കുന്നു
കീറിപ്പറിഞ്ഞൊര കുഞ്ഞുടുപ്പുമായി
കയ്യിലൊരു പൊട്ടുവള ചേര്‍ത്തു വച്ച്
ഒട്ടിയ വയറിന്നു ശാന്തിയേകീടുവാന്‍
എച്ചിലിലകളില്‍ കടിപിടി കൂടുമ്പോളും
മിന്നിത്തിളങ്ങുമകുഞ്ഞിന്റെ കണ്‍കളില്‍
പെറ്റമ്മയെ തേടുന്ന കണ്ണീരിന്‍ മറവില്‍
കാണാമെനിക്ക കുരുന്നു ഹൃദയത്തിന്‍
കണ്ണീരു മായ്ക്കാത്ത വിഹ്വലതകളെല്ലാം
പെണ്ണായിപ്പിറന്നതോരപരാധമാണോ
പിറവിയതു കാലം തെറ്റിയതാണോ
ഇവളെന്തറിയുന്നു ലോകനീതികള്‍
ഇവളെന്തു പാപം ചെയ്തീ മണ്ണില്‍

Tuesday, May 4, 2010

രക്തദാഹം

ചോരയാണിവിടെ മുഴുവനും
ധമനി കീറിമുറിച്ച ചോര
രക്തദാഹികള്‍ നടമാടുന്നു
ബന്ധങ്ങളില്ല സ്വന്തങ്ങളില്ല
സോദരരുമില്ല ശത്രുക്കള്‍ മാത്രം
കാണാമറയത്തിരിക്കുന്ന കൂട്ടരെ
കല്ലെറിഞ്ഞകറ്റുവാന്‍ മത്സരം ചെയ്യുന്നു
കൊലവിളി കൂട്ടുന്നു താണ്ഡവമാടുന്നു
വെല്ലുവിളികള്‍ പോര്‍വിളിയാവുന്നു
നീയെന്നും ഞാനെന്നും വാക്കുകള്‍ മുറുകുന്നു
നാമെന്ന വാക്കിനെ ചുടലയില്‍ തള്ളുന്നു
ഒരുനാളില്‍ എല്ലാമടര്‍ന്നു വീഴും
പൊയ്മുഖങ്ങളഗ്നിയിലെരിഞ്ഞമരും
പകയുടെ നാമ്പുകള്‍ കാറ്റിലലിയും
അന്നു ജയമെവിടെയാവും
നിന്നിലോ എന്നിലോ നമ്മിലോ

Saturday, May 1, 2010

രാധയായെങ്കില്‍

കണ്ണാ നിന്‍ പ്രേമമെന്നെന്നും നുകരുവാന്‍
രാധ തന്‍ ജന്മമെനിക്കേകുമോ നീ

കോലക്കുഴല്‍ വിളി കാത്തു കാ‍ത്തെപ്പോഴും
പീ‍ലിത്തിരുമുടി കണ്ടു കൊണ്ടെന്നെന്നും
കള്ളത്തരങ്ങളില്‍ കൊതിപൂണ്ടു നിന്നിടാന്‍
രാധ തന്‍ ജന്മമെനിക്കേകുമോ നീ

വൃന്ദാവനത്തിന്റെ മോഹന ഛായയില്‍
കാര്‍മേഘവര്‍ണ്ണന്റെ മാറോടു ചേര്‍ന്നൊരു
വനമാലയാകുവാന്‍ മെയ്യോടു ചേരുവാന്‍
ഏറെ കൊതിച്ചു ഞാന്‍ നോമ്പു നോറ്റീടുന്നു