Wednesday, May 19, 2010

രോദനം

എന്റെ കൈ വിരലുകള്‍ തീപിടിക്കുന്നു
എന്റെ മനമിന്നൊരു നെരിപ്പോടാവുന്നു
അഴലിന്റെ തേങ്ങലുകളെന്നിലലിയുന്നു
അകലുന്നു സാന്ത്വനമകലെ മായുന്നു

ജീവന്റെ തായ്‌വേരറുത്ത് മാറ്റുവാന്‍
വേഷങ്ങളെന്നെ പിന്തുടര്‍ന്നെത്തും
പ്രാണന്‍ പിടയ്ക്കുന്ന രോദനം കേള്‍ക്കാന്‍
കൊതിപൂണ്ടു നില്‍ക്കുന്നു നിഴല്‍ക്കൂട്ടമിവിടെ

കണ്ഠനാളത്തിലെന്‍ ജീവന്‍ കുതറുമ്പോള്‍
ഇറ്റു ശ്വാസത്തിനെന്‍ മേനി പിടയുമ്പോള്‍
ചുറ്റുമൊരു കൂട്ടമെന്‍ കണ്ണില്‍ പതിയുന്നു
ജാലവിദ്യയ്ക്കു കാഴ്ചക്കാരെന്ന പോല്‍

എങ്കിലുമെന്നമ്മതന്‍ മടിയില്‍ കിടക്കവേ
മാതൃസ്നേഹത്തിന്റെ ആര്‍ദ്രതയറിയവേ
കരയാതെ കരയുമെന്നച്ഛനെ കാണവേ
പൊട്ടിക്കരയുമെന്നേട്ടനെ അറിയവേ

സ്നേഹിപ്പു ഞാനീ ജീവിതം വീണ്ടുമൊരു
സ്നേഹാര്‍ദ്ര ജീവിതം പങ്കിട്ടു നല്‍കുവാന്‍
ആവില്ലെനിക്കീ ഭൂമി വിട്ടകലുവാന്‍
ആവില്ലെനിക്കീ പ്രാണനുപേക്ഷിപ്പാന്‍

1 comment:

സ്വപ്നാടകന്‍ said...

ഉം...
അതിനിപ്പൊ ആരാ മായയോട് പോകാന്‍ പറഞ്ഞത്?