Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, October 11, 2012

മരണമുള്ള വാക്കുകള്‍


വാക്കുകള്‍ക്ക് മരണമുണ്ടൊ എന്നറിയില്ല
വാക്കുകള്‍ക്കൊരു ജീവിതമുണ്ടെന്ന് തോന്നുന്നു
ഒരു വാക്കുകൊണ്ട് ഒരു ജീവിതം കെട്ടിപ്പടുക്കുമെന്നും
അതേ വാക്കാ ജീവിതം തട്ടിത്തെറിപ്പിക്കുമെന്നും

ചിലപ്പൊളൊക്കെ വെറും വാക്കുകളാണു ജീവിതം
ഒന്നു തട്ടിത്തെറിച്ചു പോയാല്‍ പിടഞ്ഞു തീരുന്ന
ഒന്നിലേറേ അര്‍ത്ഥതലങ്ങളുള്ള വാക്കുകള്‍
കെട്ടിപ്പിണഞ്ഞു കിടക്കുന്ന മുള്‍ക്കാടുപോലെ

വാക്കുകള്‍ക്കും മരണമുണ്ടാവുമായിരിക്കാം
ജനനത്തിലാര്‍ജ്ജിച്ചൊരര്‍ത്ഥം മാറുന്ന 
നിമിഷമാ വാക്കുകള്‍ മറ്റൊരു പിറവിയാകും
ജനനമുണ്ടെങ്കില്‍ മരണമുണ്ടെന്നും വാക്കുകള്‍

Tuesday, February 1, 2011

തിരിച്ചറിവ്

ഒരു നിമിഷം, അതിന്റെ അന്ത്യാവസ്ഥയില്‍ ഒരു
കണ്ഠമിടറുന്ന നോവായ് മരണം കീഴ്പ്പെടുത്തുമ്പോള്‍
കാത്തിരിക്കുന്ന ചിതയില്‍ ഏറുവാന്‍ ശരീരം
തയ്യാറെടുക്കുമ്പോള്‍ ആത്മാവിലുയരുന്ന
തേങ്ങലില്‍ പോയ ജന്മത്തിന്റെ പാപങ്ങളും
പുണ്യ കാലങ്ങളും കലര്‍ന്നൊന്നായ് തീര്‍ന്നേക്കാം

ഒരു നിമിഷം, ശരീരവും ആത്മാവും ഒളിച്ചു കളിക്കുന്ന
നേരത്ത് പോയ കാലത്തെ ആത്മവിശ്വാസങ്ങള്‍
പാടെ വ്യര്‍ത്ഥമായ കാഴ്ചകളും കരിഞ്ഞ സ്വപ്നങ്ങളും
ജയമെന്നഹങ്കാരിചത് പരാജയമായതും നേടിയതെല്ലാം
കോട്ടമെന്നും, നേടാനിരുന്നവ ഏറെയെന്നും
ഇനിയൊന്നിനും സമയമില്ലയെന്നും കണ്ടറിഞ്ഞേക്കാം

ഒരു നിമിഷം, ആത്മാവു പിടയുന്ന ദേഹത്തെ വിട
ചൊല്ലും നേരത്ത്, വീണ്ടുമൊരു നാള്‍ അല്ലെങ്കില്‍
ഒരുപാടു നാള്‍ കൂടി ഈ ജന്മം നീട്ടി കിട്ടിയെങ്കിലും
നേടാനിരുന്നവ നേടിയാലും വീണ്ടുമൊരിക്കല്‍ കൂടി
ആ നിമിഷം വരുമെന്നും, അന്നു വീണ്ടും ഇന്നിന്റെ
യാവര്‍ത്തനം തന്നെയാവുമെന്നും തിരിച്ചറിഞ്ഞേക്കാം