Tuesday, February 1, 2011

തിരിച്ചറിവ്

ഒരു നിമിഷം, അതിന്റെ അന്ത്യാവസ്ഥയില്‍ ഒരു
കണ്ഠമിടറുന്ന നോവായ് മരണം കീഴ്പ്പെടുത്തുമ്പോള്‍
കാത്തിരിക്കുന്ന ചിതയില്‍ ഏറുവാന്‍ ശരീരം
തയ്യാറെടുക്കുമ്പോള്‍ ആത്മാവിലുയരുന്ന
തേങ്ങലില്‍ പോയ ജന്മത്തിന്റെ പാപങ്ങളും
പുണ്യ കാലങ്ങളും കലര്‍ന്നൊന്നായ് തീര്‍ന്നേക്കാം

ഒരു നിമിഷം, ശരീരവും ആത്മാവും ഒളിച്ചു കളിക്കുന്ന
നേരത്ത് പോയ കാലത്തെ ആത്മവിശ്വാസങ്ങള്‍
പാടെ വ്യര്‍ത്ഥമായ കാഴ്ചകളും കരിഞ്ഞ സ്വപ്നങ്ങളും
ജയമെന്നഹങ്കാരിചത് പരാജയമായതും നേടിയതെല്ലാം
കോട്ടമെന്നും, നേടാനിരുന്നവ ഏറെയെന്നും
ഇനിയൊന്നിനും സമയമില്ലയെന്നും കണ്ടറിഞ്ഞേക്കാം

ഒരു നിമിഷം, ആത്മാവു പിടയുന്ന ദേഹത്തെ വിട
ചൊല്ലും നേരത്ത്, വീണ്ടുമൊരു നാള്‍ അല്ലെങ്കില്‍
ഒരുപാടു നാള്‍ കൂടി ഈ ജന്മം നീട്ടി കിട്ടിയെങ്കിലും
നേടാനിരുന്നവ നേടിയാലും വീണ്ടുമൊരിക്കല്‍ കൂടി
ആ നിമിഷം വരുമെന്നും, അന്നു വീണ്ടും ഇന്നിന്റെ
യാവര്‍ത്തനം തന്നെയാവുമെന്നും തിരിച്ചറിഞ്ഞേക്കാം

Tuesday, August 10, 2010

അകല്‍ച്ച

മറന്നുവോ നിങ്ങളെന്നെ, അധിക നാളാകും മുന്നെ
കാലമൊരു തിരശ്ശീല നിവര്‍ത്തിപ്പിടിച്ചെന്നെ
മറച്ചതല്ല, കണ്മുനകളില്‍ മറഞ്ഞു നിന്നതല്ല
വെളിച്ചത്തില്‍ നിന്നോടിയൊളിച്ചതല്ല
ഇരുളും തേടിയലഞ്ഞതല്ല, ദൂരെ മാറി നിന്നതല്ല

മറന്നുവോ നിങ്ങളെന്നെ, അധിക നാളാകും മുന്നെ
ഒരുപാടു ദൂരേക്കു പോയിരുന്നില്ല ഞാന്‍
കാതങ്ങള്‍ക്കപ്പുറം പോയ്മറഞ്ഞില്ല
നിഴലും വെളിച്ചവും വിട്ടെറിഞ്ഞിരുന്നില്ല
സ്വപ്നങ്ങളൊക്കെയും പറിച്ചെറിഞ്ഞില്ല

മറന്നുവോ നിങ്ങളെന്നെ, അധിക നാളാകും മുന്നെ
പോയ്മറഞ്ഞെന്നു കരുതുമ്പോഴൊക്കെയും
കാണാമറയത്തെന്നു നീങ്ങള്‍ പറയുന്ന നേരത്തും
ഒരു നിശ്വാസത്തിനപ്പുറം മറഞ്ഞു ഞാന്‍
മിഴികള്‍ നിറച്ചു നോക്കിയിരുന്നു നിങ്ങളെ

മറന്നുവോ നിങ്ങളെന്നെ, അധിക നാളാകും മുന്നെ
ഇനിയുമൊരു പൂക്കാ‍ലമുണ്ടായിരുന്നെങ്കില്‍
കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞെങ്കില്‍
ഒരു കുളിര്‍കാറ്റിനോടൊപ്പമാ താഴ്വരയില്‍
നിങ്ങളെ തേടി ഞാന്‍ വീണ്ടുമെത്തും
നിങ്ങളിലൊരാ‍ളായ് മാറിയേക്കും

Wednesday, June 2, 2010

വ്യഥ

ഒരു കല്‍ വിളക്കിലെരിയുന്ന തിരിയായ്
ജന്മമൊരു പാടു നീറി കരിഞ്ഞെങ്കിലും
നീറുന്ന കരളില്‍, പിടക്കുന്ന നെഞ്ചില്‍
കരയാതെ കണ്ണീരിലൊഴുകുന്ന മൌനത്തില്‍
കവിളിലെ ചാലിലെ കണ്ണീരുപ്പില്‍
വിറയാര്‍ന്ന ചൊടിയിലെ വിതുമ്പലില്‍
അന്നു പറയാതെ വച്ച മോഹങ്ങളില്‍
എന്റെ കനവിലെ കാണാത്ത സ്വപ്നങ്ങളും
കണ്ടു കൊതി തീരാത്തൊരീ വര്‍ണ്ണങ്ങളും
കാതിനിമ്പമായ് മാറുന്ന നാദങ്ങളും
എന്നുമൊരു കാതമകലെയാണെന്നില്‍
മനമഴലിന്റെ താഴ്വരയിലലയുന്നു വീണ്ടും
കാണാതെ പോകുമോ ആ സ്വര്‍ഗ ഭംഗികള്‍
എല്ലാം കനവായ് ശേഷിക്കുമോ വീണ്ടും
എല്ലാം കനവായ് ശേഷിക്കുമോ വീണ്ടും

Friday, May 21, 2010

രക്ഷ

മഴ പെയ്തു തോര്‍ന്നൊരെന്‍ മുറ്റത്തു
ഞാനിന്നു കളിവള്ളമുണ്ടാക്കി നോക്കിരുന്നു
കൊച്ചൊരരുവി പോലൊഴുകുന്ന ജലവീഥിയില്‍
എന്റെ കളിവഞ്ചി ഒരു വന്‍ നൌകയായി
ഓളങ്ങളില്‍ ചാഞ്ചാടിയും തീരങ്ങള്‍ താണ്ടിയും
തടയേതുമില്ലാതെ തുടരുന്ന യാത്രയില്‍
കാണാമെന്‍ തോണി തന്‍ മുന്നിലായ്
ചുഴിയില്‍ പെട്ടുഴലുന്നൊരു കുഞ്ഞുറുമ്പിനെ
കൈകാലടിക്കുന്നു ശ്വാസം പിടയുന്നു
കച്ചിത്തുരുമ്പിനായ് ചുറ്റുമുഴറുന്നു
ദൂരെ വരുന്നൊരെന്‍ കളിവഞ്ചി കാണവേ
കുഞ്ഞു കണ്ണിലൊരു പ്രത്യാശ വിടരുന്നു
അതിലേറി കരേറാമെന്ന ചിന്തയില്‍
പ്രാണി തന്‍ മനമാകെ കുളിരവേ
ഇടയിലൊരു ചുഴിയിലകപ്പെട്ടു തിരിയുന്ന
വഞ്ചിതന്‍ യാത്ര നിശ്ചലമാകുന്നു
വെള്ളത്തിലലിയുന്ന കടലാസു കഷ്ണങ്ങള്‍
വഞ്ചിയൊരു നേര്‍ത്തൊരോര്‍മ്മയായ് തീരവെ
കൈകാല്‍ കുഴയുന്നു മേനി തളരുന്നു
ആഴങ്ങളിലേക്കു മുങ്ങിത്താഴുന്നു
ആരൊരാളാ ജീവനു ശാന്തിയേകുവാന്‍
ആരൊരാളൊരു കൈതാങ്ങു നല്‍കീടുവാന്‍

Wednesday, May 19, 2010

രോദനം

എന്റെ കൈ വിരലുകള്‍ തീപിടിക്കുന്നു
എന്റെ മനമിന്നൊരു നെരിപ്പോടാവുന്നു
അഴലിന്റെ തേങ്ങലുകളെന്നിലലിയുന്നു
അകലുന്നു സാന്ത്വനമകലെ മായുന്നു

ജീവന്റെ തായ്‌വേരറുത്ത് മാറ്റുവാന്‍
വേഷങ്ങളെന്നെ പിന്തുടര്‍ന്നെത്തും
പ്രാണന്‍ പിടയ്ക്കുന്ന രോദനം കേള്‍ക്കാന്‍
കൊതിപൂണ്ടു നില്‍ക്കുന്നു നിഴല്‍ക്കൂട്ടമിവിടെ

കണ്ഠനാളത്തിലെന്‍ ജീവന്‍ കുതറുമ്പോള്‍
ഇറ്റു ശ്വാസത്തിനെന്‍ മേനി പിടയുമ്പോള്‍
ചുറ്റുമൊരു കൂട്ടമെന്‍ കണ്ണില്‍ പതിയുന്നു
ജാലവിദ്യയ്ക്കു കാഴ്ചക്കാരെന്ന പോല്‍

എങ്കിലുമെന്നമ്മതന്‍ മടിയില്‍ കിടക്കവേ
മാതൃസ്നേഹത്തിന്റെ ആര്‍ദ്രതയറിയവേ
കരയാതെ കരയുമെന്നച്ഛനെ കാണവേ
പൊട്ടിക്കരയുമെന്നേട്ടനെ അറിയവേ

സ്നേഹിപ്പു ഞാനീ ജീവിതം വീണ്ടുമൊരു
സ്നേഹാര്‍ദ്ര ജീവിതം പങ്കിട്ടു നല്‍കുവാന്‍
ആവില്ലെനിക്കീ ഭൂമി വിട്ടകലുവാന്‍
ആവില്ലെനിക്കീ പ്രാണനുപേക്ഷിപ്പാന്‍

Saturday, May 8, 2010

പെണ്‍കുഞ്ഞ്

വഴിയരികിലൊരു പെണ്‍കുഞ്ഞു കരയുന്നു
കാണാത്തൊരമ്മിഞ്ഞ തേടുന്നു കണ്ണുകള്‍
കേള്‍ക്കാത്ത താരാട്ടു കാതോര്‍ക്കുന്നു
കീറിപ്പറിഞ്ഞൊര കുഞ്ഞുടുപ്പുമായി
കയ്യിലൊരു പൊട്ടുവള ചേര്‍ത്തു വച്ച്
ഒട്ടിയ വയറിന്നു ശാന്തിയേകീടുവാന്‍
എച്ചിലിലകളില്‍ കടിപിടി കൂടുമ്പോളും
മിന്നിത്തിളങ്ങുമകുഞ്ഞിന്റെ കണ്‍കളില്‍
പെറ്റമ്മയെ തേടുന്ന കണ്ണീരിന്‍ മറവില്‍
കാണാമെനിക്ക കുരുന്നു ഹൃദയത്തിന്‍
കണ്ണീരു മായ്ക്കാത്ത വിഹ്വലതകളെല്ലാം
പെണ്ണായിപ്പിറന്നതോരപരാധമാണോ
പിറവിയതു കാലം തെറ്റിയതാണോ
ഇവളെന്തറിയുന്നു ലോകനീതികള്‍
ഇവളെന്തു പാപം ചെയ്തീ മണ്ണില്‍

Tuesday, May 4, 2010

രക്തദാഹം

ചോരയാണിവിടെ മുഴുവനും
ധമനി കീറിമുറിച്ച ചോര
രക്തദാഹികള്‍ നടമാടുന്നു
ബന്ധങ്ങളില്ല സ്വന്തങ്ങളില്ല
സോദരരുമില്ല ശത്രുക്കള്‍ മാത്രം
കാണാമറയത്തിരിക്കുന്ന കൂട്ടരെ
കല്ലെറിഞ്ഞകറ്റുവാന്‍ മത്സരം ചെയ്യുന്നു
കൊലവിളി കൂട്ടുന്നു താണ്ഡവമാടുന്നു
വെല്ലുവിളികള്‍ പോര്‍വിളിയാവുന്നു
നീയെന്നും ഞാനെന്നും വാക്കുകള്‍ മുറുകുന്നു
നാമെന്ന വാക്കിനെ ചുടലയില്‍ തള്ളുന്നു
ഒരുനാളില്‍ എല്ലാമടര്‍ന്നു വീഴും
പൊയ്മുഖങ്ങളഗ്നിയിലെരിഞ്ഞമരും
പകയുടെ നാമ്പുകള്‍ കാറ്റിലലിയും
അന്നു ജയമെവിടെയാവും
നിന്നിലോ എന്നിലോ നമ്മിലോ