Tuesday, February 1, 2011

തിരിച്ചറിവ്

ഒരു നിമിഷം, അതിന്റെ അന്ത്യാവസ്ഥയില്‍ ഒരു
കണ്ഠമിടറുന്ന നോവായ് മരണം കീഴ്പ്പെടുത്തുമ്പോള്‍
കാത്തിരിക്കുന്ന ചിതയില്‍ ഏറുവാന്‍ ശരീരം
തയ്യാറെടുക്കുമ്പോള്‍ ആത്മാവിലുയരുന്ന
തേങ്ങലില്‍ പോയ ജന്മത്തിന്റെ പാപങ്ങളും
പുണ്യ കാലങ്ങളും കലര്‍ന്നൊന്നായ് തീര്‍ന്നേക്കാം

ഒരു നിമിഷം, ശരീരവും ആത്മാവും ഒളിച്ചു കളിക്കുന്ന
നേരത്ത് പോയ കാലത്തെ ആത്മവിശ്വാസങ്ങള്‍
പാടെ വ്യര്‍ത്ഥമായ കാഴ്ചകളും കരിഞ്ഞ സ്വപ്നങ്ങളും
ജയമെന്നഹങ്കാരിചത് പരാജയമായതും നേടിയതെല്ലാം
കോട്ടമെന്നും, നേടാനിരുന്നവ ഏറെയെന്നും
ഇനിയൊന്നിനും സമയമില്ലയെന്നും കണ്ടറിഞ്ഞേക്കാം

ഒരു നിമിഷം, ആത്മാവു പിടയുന്ന ദേഹത്തെ വിട
ചൊല്ലും നേരത്ത്, വീണ്ടുമൊരു നാള്‍ അല്ലെങ്കില്‍
ഒരുപാടു നാള്‍ കൂടി ഈ ജന്മം നീട്ടി കിട്ടിയെങ്കിലും
നേടാനിരുന്നവ നേടിയാലും വീണ്ടുമൊരിക്കല്‍ കൂടി
ആ നിമിഷം വരുമെന്നും, അന്നു വീണ്ടും ഇന്നിന്റെ
യാവര്‍ത്തനം തന്നെയാവുമെന്നും തിരിച്ചറിഞ്ഞേക്കാം

7 comments:

sm sadique said...

പിന്നെയും … പിന്നെയും… വേണ്ടത് തിരിച്ചറിവ്
നല്ല കവിത

Jithu said...

എല്ലാം മായകള്‍ .........മരണം അത് തന്നെ സത്യം..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അതെ ഇപ്പോഴും വേണ്ടതീ തിരിച്ചറിവുതന്നെ..

Kalavallabhan said...

ഈ മായക്കാഴ്ചയിലൊരു തിരിച്ചറിവിന്റെ തിരിവെളിച്ചം

പദസ്വനം said...

തിരിച്ചറിവ് ...
മരണം..
രണ്ടും ഒന്ന് തന്നെ .. അല്ലെ?

അനൂപ്‌ .ടി.എം. said...

തികച്ചും ജൈവീകം.
ഒന്നും നേടിയില്ല എന്ന തോന്നല്‍.
മരണം ഒരു ഓര്‍മപ്പെടുത്തല്‍ , അല്ലെ?

Pranavam Ravikumar said...

Nice.!